Categories
Uncategorized

11 സിക്സിൻ്റെ റെക്കോർഡ് സെഞ്ചുറിയുമായി പരാഗ്; വിമർശകരുടെ വായടപ്പിച്ച ഇന്നിങ്സ്.. വീഡിയോ കാണാം

പുതുച്ചേരിയിൽ നടക്കുന്ന ദേവ്ധർ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ലീഗ് ഘട്ടം പകുതിയോളം പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ്. നിലവിൽ രണ്ട് ടീമുകൾ മാത്രമാണ് കളിച്ച മൂന്നു മത്സരങ്ങളിലും വിജയം കണ്ടെത്തിയത്. റൺറേറ്റ് അടിസ്ഥാനത്തിൽ സൗത്ത് സോൺ ഒന്നാമതും ഈസ്റ്റ് സോൺ രണ്ടാമതും നിൽക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത് സോൺ, നോർത്ത് ഈസ്റ്റ് സോണിനെ 9 വിക്കറ്റിന് കീഴടക്കി. മലയാളി താരം രോഹൻ കുന്നുമ്മൽ 87 റൺസോടെ പുറത്താകാതെ നിന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നോർത്ത് സോൺ 88 റൺസിന് ഈസ്റ്റ് സോണിനോട് പരാജയപ്പെട്ടിരുന്നു. ആസാം താരമായ റിയാൻ പരാഗിൻ്റെ ഓൾറൗണ്ട് മികവാണ് ഈസ്റ്റ് സോൺ വിജയത്തിൽ നിർണായകമായത്. ടൂർണമെൻ്റിലെ അവരുടെ ആദ്യ മത്സരത്തിൽ പരാഗിന് ബെഞ്ചിൽ ആയിരുന്നു സ്ഥാനം. രണ്ടാം മത്സരത്തിൽ അവസരം ലഭിച്ചപ്പോൾ ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും (9 പന്തിൽ 13), ബോളിംഗിൽ തിളങ്ങിയിരുന്നു. 10 ഓവറിൽ രണ്ട് മെയ്ഡെൻ ഉൾപ്പെടെ വെറും 34 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു അദ്ദേഹം.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോൺ 57/5 എന്ന നിലയിൽ തകർന്ന അവസ്ഥയിലാണ് പരാഗിൻ്റെ എൻട്രി. വിക്കറ്റ് കീപ്പർ കുമാർ കുഷഗ്രയുമോത്ത് 235 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച പരാഗ്, അവരെ 50 ഓവറിൽ 337/8 എന്ന കൂറ്റൻ ടോട്ടലിൽ എത്തിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ജോഡിയുടെ ഏറ്റവും ഉയർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് ആണിത്. കുമാർ കുഷാഗ്ര 98 റൺസ് നേടി പുറത്തായി.

പരാഗ് 102 പന്തിൽ നിന്നും 5 ഫോറും 11 സിക്‌സും അടക്കം 131 റൺസാണ് നേടിയത്. ദേവ്ധർ ട്രോഫി ടൂർണമെൻ്റ് ചരിത്രത്തിൽ ഒരു താരം ഒരു ഇന്നിംഗ്സിൽ നേടിയ ഏറ്റവും കൂടുതൽ സിക്സുകളുടെ റെക്കോർഡും പരാഗ് സ്വന്തം പേരിലാക്കി. 2010 സീസണിൽ നോർത്ത് സോണിനെതിരെ വെസ്റ്റ് സോൺ താരമായ യുസുഫ് പഠാൻ നേടിയ 9 സിക്‌സുകളുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇതുകൊണ്ടൊന്നും അവസാനിച്ചില്ല, മറുപടി ബാറ്റിംഗിനിറങ്ങിയ നോർത്ത് സോണിനെ 4 വിക്കറ്റ് വീഴ്ത്തിയ പരാഗിൻ്റെ നേതൃത്വത്തിലാണ് ഈസ്റ്റ് സോൺ കീഴടക്കിയതും.

സെഞ്ചുറി വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *