ജഡേജ – സെവാഗ് പോര് മുറുകുന്നു ; വിവാദ ട്വീറ്റ് റിട്വീറ്റ് ചെയ്ത് ജഡേജ

0

വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേടിയ 203 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തില്‍ ടീമിന് ആശംസകള്‍ നേര്‍ന്ന മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ് പുലിവാല് പിടിച്ചിരിക്കുകയാണ് . ടീം അംഗങ്ങളെ പേരെടുത്ത് അഭിനന്ദിക്കുന്നതിനിടെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പേര് ഒഴിവായതാണ് സേവാഗിനെതിരെ ആരാധകരുടെ പ്രതിഷേധത്തിന് കാരണമായത്. വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യ നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ടീമംഗങ്ങളെ അഭിനന്ദിച്ച്‌ സേവാഗ് ട്വീറ്റ് ചെയ്തിരുന്നു. അതില്‍ ടീമിന്റെ വിജയത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ താരങ്ങളുടെ പേരുകള്‍ എടുത്ത പറഞ്ഞ കൂട്ടത്തില്‍ ജഡേജയുടെ പേര് അദ്ദേഹം വിട്ടുപോകുകയായിരുന്നു.

‘രോഹിത് ശര്‍മയെ സംബന്ധിച്ച്‌ അവിസ്മരണീയമായ ടെസ്റ്റ് മല്‍സരം.ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ സ്വപ്നതുല്യമായ തുടക്കം. രോഹിത്തിന് എല്ലാ ആശംസകളും. മായങ്ക് (അഗര്‍വാള്‍), (മുഹമ്മദ്) ഷമി, അശ്വിന്‍, പൂജാര എന്നിവരുടെ മികച്ച സംഭാവനകള്‍ കൂടി ചേരുമ്ബോള്‍ ഇത് അനായാസ വിജയമെന്നു തന്നെ പറയണം.’ – സേവാഗ് ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെ വിമര്‍ശനവുമായി ആരാധകരെത്തി.

സേവാഗിന്റെ ട്വീറ്റിന് മറുപടിയായി ബിനിത് പട്ടേല്‍ എന്ന ആരാധകന്‍ ഇങ്ങനെ കുറിച്ചു: ‘വീരേന്ദര്‍ സേവാഗ്, രവീന്ദ്ര ജഡേജയുടെ ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പ്രകടനങ്ങള്‍ നിങ്ങളുടെ ടിവിയില്‍ കണ്ടില്ലേ? അതോ ആ സമയത്ത് താങ്കള്‍ ഉറക്കമായിരുന്നോ?’

സംഭവം ജഡേജ കൂടി ഏറ്റെടുത്തതോടെ ട്വിറ്ററില്‍ കളിമാറി. ആരാധകന്റെ ഈ ട്വീറ്റ് രവീന്ദ്ര ജഡേജ റീട്വീറ്റ് ചെയ്തതോടെ ജഡേജയുടെ പേര് സേവാഗ് മനഃപൂര്‍വം വിട്ടുകളഞ്ഞതാണെന്ന തരത്തില്‍പ്പോലും വ്യാഖ്യാനങ്ങള്‍ വന്നു. ടീമിന്റെ വിജയത്തില്‍ ജഡേജ നല്‍കിയ സംഭാവനകളെ അവര്‍ പുകഴ്‌ത്തുകയും ചെയ്തു. അതേസമയം, സേവാഗിന്റെ ഭാഗത്തുനിന്ന് അറിയാതെ സംഭവിച്ചൊരു കൈപ്പിഴ ഇത്തരത്തില്‍ വലിയൊരു സംഭവമാക്കിയ ജഡേജയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി.

മല്‍സരത്തിലാകെ 70 റണ്‍സ് എടുക്കുകയും രണ്ടാം ഇന്നിങ്‌സിലെ നാലു വിക്കറ്റ് നേട്ടമുള്‍പ്പെടെ ആറു വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കാന്‍ ജഡേജ എടുത്ത റിട്ടേണ്‍ ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More