‘ അഹങ്കാരി ‘ സഹീർ ഖാൻ പിറന്നാൾ ആശംസകൾ നേർന്ന പാണ്ഡ്യയ്ക്കെതിരെ ആരാധകർ രംഗത്ത്

0

ലണ്ടൻ: നിലവിൽ ടീമിലില്ലെങ്കിലും ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വിടാതെ വിവാദങ്ങൾ. കഴിഞ്ഞ ദിവസം 41-ാം പിറന്നാൾ ആഘോഷിച്ച മുൻ ഇന്ത്യൻ താരം സഹീർ ഖാന് പിറന്നാളാശംസകൾ നേർന്നുകൊണ്ടുള്ള പാണ്ഡ്യയുടെ ട്വീറ്റാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.

ഒരു ആഭ്യന്തര മത്സരത്തിനിടെ സഹീറിന്റെ പന്ത് സിക്സറിന് പറത്തുന്ന തന്റെ വീഡിയോയ്ക്കൊപ്പമാണ് പാണ്ഡ്യ പിറന്നാളാശംസ നേർന്നത്. എന്നാലിത് ആരാധകർക്ക് അത്ര രസിച്ച മട്ടില്ല. പാണ്ഡ്യ, സഹീറിനെ അപമാനിച്ചുവെന്നാണ് അവരുടെ പരാതി. ഇതോടെ താരത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച് നിരവധി പേർ രംഗത്തെത്തി.

പണവും പ്രശസ്തിയും മാത്രമുണ്ടായാൽ എല്ലാമാകില്ലെന്നും നല്ലകാലത്ത് സഹീറിന്റെ പന്തുകൾക്കുമുന്നിൽ പാണ്ഡ്യയ്ക്ക് പിടിച്ചുനിൽക്കാൻ പോലും സാധിക്കില്ലായിരുന്നുവെന്നും ആരാധകർ പറയുന്നു. അമിത ആത്മവിശ്വാസമാണ് പാണ്ഡ്യയുടെ പ്രശ്നമെന്നും ചിലർ ആരോപിക്കുന്നു.

ഇന്ത്യയ്ക്കായി 2003, 2007, 2011 ലോകകപ്പുകളിൽ മികച്ച പ്രകടനം നടത്തിയ താരത്തെയാണ് പാണ്ഡ്യ അപമാനിച്ചതെന്നും ആരോപണമുണ്ട്. ഇന്ത്യ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച ഇടംകൈയൻ പേസറാണ് സഹീർ ഖാനെന്നും പാണ്ഡ്യയെ ചിലർ ഓർമപ്പെടുത്തുന്നുമുണ്ട്.

പുറംവേദനയെ തുടർന്ന് ലണ്ടനിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം വിശ്രമത്തിലാണ് പാണ്ഡ്യ. ഈ വർഷമാദ്യം കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് പാണ്ഡ്യ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ചുറ്റിപ്പറ്റി മറ്റൊരു വിവാദം കൂടി തലപൊക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More