പന്തിനായി തിരച്ചിൽ ; ഒടുവിൽ സംഭവിച്ച രസകരമായ കാഴ്‌ച്ച കാണാം

0

ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍ മായങ്ക് അഗര്‍വാളിന്റെ ഇരട്ട സെഞ്ചുറിയും രോഹിത് ശര്‍മയുടെ സെഞ്ചുറി ഇന്നിങ്‌സുമായിരുന്നു.

ഇതിനു പിന്നാലെ അശ്വിനും ജഡേജയും പന്തുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടംകറക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ദിനത്തില്‍ കാണികളും കമന്റേറ്റര്‍മാരും ചിരിയടക്കാന്‍ പാടുപെട്ട സംഭവവും അരങ്ങേറി.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 129-ാം ഓവറിലായിരുന്നു സംഭവം. ഫീല്‍ഡര്‍ എറിഞ്ഞ പന്ത് പിടിക്കാന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡിക്കോക്കിന് സാധിച്ചില്ല. ഇതോടെ പന്ത് ബൗണ്ടറിയിലെത്തി. കളിക്കളത്തില്‍ പലപ്പോഴും സംഭവിക്കുന്ന ഒരു അബദ്ധം.

എന്നാല്‍ രസകരമായ സംഭവം അരങ്ങേറിയത് ഇതിനു പിന്നാലെയായിരുന്നു. ഡിക്കോക്കിന്റെ പിഴവില്‍ നിന്ന് ബൗണ്ടറിയിലേക്കു പോയ പന്ത് പിന്നെയാരും കണ്ടില്ല. പന്തെടുക്കാന്‍ പോയ വെറോണ്‍ ഫിലാന്‍ഡര്‍ പന്തിനായി തിരച്ചിലോടു തിരച്ചില്‍. ഫിലാന്‍ഡര്‍ക്ക് പന്ത് കിട്ടാതായതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിലെ രണ്ട് റിസര്‍വ് താരങ്ങളും തിരച്ചിലിനായി രംഗത്തെത്തി. കവറിനടിയിലും മറ്റും ഇവര്‍ എത്ര തിരഞ്ഞിട്ടും പന്തിന്റെ പൊടിപോലുമില്ല.

ഇതിനിടെ പന്തെവിടെയാണെന്ന് ടെലിവിഷന്‍ ക്യാമറകള്‍ ഗ്രൗണ്ടിലെ വലിയ സ്‌ക്രീനില്‍ കാണിച്ചു. ബൗണ്ടറി റോപ്പിലെ പരസ്യ കുഷ്യനുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു പന്ത്. താന്‍ തിരയുന്ന പന്ത് തന്റെ തൊട്ടുപിന്നിലുള്ള കാര്യമറിയാതെ ഫിലാന്‍ഡര്‍ തിരച്ചില്‍ തുടര്‍ന്നു.

ഇതിനു പിന്നാലെ പന്തെവിടെയാണെന്ന് വലിയ സ്‌ക്രീനില്‍ കണ്ട ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രം ഇവരുടെ രക്ഷയ്‌ക്കെത്തി.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More