ഗെയ്‌ലിനെ മറികടന്ന് രോഹിത് ശർമ , നീട്ടി വിളിച്ചോ ഹിറ്റ്മാനെ എന്ന്

ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായി ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലാണ് രോഹിത് ശര്‍മ ഈ നേട്ടം കൈവരിച്ചത്. വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിനെയാണ് രോഹിത് മറികടന്നത്.

രണ്ടാം ട്വന്റിയില്‍ മൂന്ന് സിക്‌സറുകളാണ് രോഹിത് നേടിയത്. ഇതോടെ ട്വന്റി 20 യിലെ രോഹിത് ശര്‍മയുടെ ആകെ സിക്‌സറുകളുടെ എണ്ണം 107 ലേക്ക് എത്തി. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ക്രിസ് ഗെയിലിന് 105 സിക്‌സറുകളുണ്ടായിരുന്നു. ക്രിസ് ഗെയില്‍ 54 ഇന്നിങ്‌സുകളില്‍ നിന്നാണ് 105 സിക്‌സറുകള്‍ നേടിയത്. എന്നാല്‍, രോഹിത് ശര്‍മ 107 സിക്‌സറുകളിലേക്ക് എത്താന്‍ 88 ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്നു.

ട്വന്റി 20 യിലെ ഫോറുകളുടെ എണ്ണത്തിലും ക്രിസ് ഗെയിലിനേക്കാള്‍ മുന്‍പില്‍ രോഹിത് ശര്‍മയാണ്. ക്രിസ് ഗെയില്‍ 138 ഫോറുകള്‍ നേടിയപ്പോള്‍ രോഹിത് ശര്‍മയ്ക്ക് 215 ഫോറുകളാണ് ആകെയുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 യിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ മഴനിയമ പ്രകാരമാണ് ഇന്ത്യ വിജയിച്ചതായി പ്രഖ്യാപിച്ചത്. 22 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങില്‍ വെസ്റ്റ് ഇന്‍ഡീസ് 15.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലായപ്പോള്‍ മഴ പെയ്യുകയായിരുന്നു. ഇതോടെ മഴനിയമപ്രകാരം വിജയികളെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.

മഴനിയമപ്രകാരം വെസ്റ്റ് ഇന്‍ഡീസിന് അപ്പോള്‍ വേണ്ടിയിരുന്നത് 120 റണ്‍സായിരുന്നു. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസ് നേടിയത് 98 റണ്‍സ് മാത്രം. ഇതോടെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ട്വന്റി 20 മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കി.

ഓപ്പണര്‍ രോഹിത് ശര്‍മ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. 51 പന്തില്‍ നിന്ന് രോഹിത് 67 റണ്‍സ് നേടി. ആറ് ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങിയതായിരുന്നു ശര്‍മയുടെ ഇന്നിങ്‌സ്. നായകന്‍ വിരാട് കോഹ് 28 റണ്‍സും മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്‍ 23 റണ്‍സും നേടി.

Leave a Reply

Your email address will not be published. Required fields are marked *