ഇന്ത്യന്‍ അരങ്ങേറ്റത്തില്‍ സൈനിക്ക് അഭിനന്ദനങ്ങള്‍. പന്തെറിയും മുമ്പ് തന്നെ നിനക്ക് രണ്ട് വിക്കറ്റുകളുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ തെല്ലൊന്ന് ഇടറിയെങ്കിലും ജയിച്ച് കളിയവസാനിപ്പിച്ച് ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 95 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കിയാണ് ഇന്ത്യ കളിയുടെ ഒന്നാം പകുതിയില്‍ തന്നെ മേല്‍ക്കൈ നേടിയത്.

ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവതാരം വാഷിങ്ടണ്‍ സുന്ദറായിരുന്നു ബോളിങ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ സുന്ദര്‍ ലക്ഷ്യം കണ്ടു. കാംപ്‌ബെല്‍ അക്കൗണ്ട് തുറക്കാതെ പുറത്ത്. തൊട്ടടുത്ത ഓവറില്‍ ഭുവനേശ്വര്‍ കുമാറും വിക്കറ്റ് നേടി. ഖലീല്‍ അഹമ്മദും കിട്ടിയ അവസരം മുതലെടുത്തു. എന്നാല്‍ ഇന്നലത്തെ താരം അരങ്ങേറ്റ മത്സരം കളിച്ച നവ്ദീപ് സൈനിയാണ്. ആദ്യ കളിയില്‍ തന്നെ മൂന്ന് വിക്കറ്റ് നേടി കളിയിലെ താരമായി മാറിയിരിക്കുകയാണ് സൈനി.

തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ നിക്കോളാസ് പൂരാന്‍ സൈനിയെ സിക്‌സ് പറത്തി. പക്ഷെ തൊട്ടടുത്ത പന്തില്‍ തന്നെ സൈനി മടങ്ങിയെത്തി. പൂരാനേയും ഹെറ്റ്‌മെയറേയും പുറത്താക്കിക്കൊണ്ടായിരുന്നു സൈനിയുടെ മറുപടി. പിന്നീട് കിറോണ്‍ പൊള്ളാര്‍ഡിനെ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെയും സൈനി പുറത്താക്കി.

സൈനിയുടെ മിന്നും പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഡല്‍ഹിയില്‍ സൈനിയുടെ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീര്‍ രംഗത്തെത്തി. ഒപ്പം മുന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയേയും ചേതന്‍ ചൗഹാനേയും പരിഹസിക്കുകയും ചെയ്തു ഗംഭീര്‍. രണ്ടു പേരും ഡല്‍ഹി ടീമിലേക്കുള്ള സൈനിയുടെ വരവിനെ വൈകിപ്പിച്ചെന്നാണ് ഗംഭീര്‍ പറയുന്നത്.

”ഇന്ത്യന്‍ അരങ്ങേറ്റത്തില്‍ സൈനിക്ക് അഭിനന്ദനങ്ങള്‍. പന്തെറിയും മുമ്പ് തന്നെ നിനക്ക് രണ്ട് വിക്കറ്റുകളുണ്ട്. ബിഷന്‍ ബേദിയും ചേതന്‍ ചൗഹാനും. മൈതാനത്തേക്ക് കാലെടുത്തു വക്കും മുന്‍പ് തന്നെ അവര്‍ ചരമം എഴുതിയവന്റെ അരങ്ങേറ്റം കണ്ട് അവരുടെ മിഡില്‍ സ്റ്റമ്പ് തെറിച്ചിരിക്കുകയാണ്” എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. നേരത്തെ തന്നെ സൈനിയ്ക്കുള്ള പിന്തുണ തുറന്ന് പറയുകയും താരത്തിന് ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുമുള്ള വ്യക്തിയാണ് ഗംഭീര്‍.

Leave a Reply

Your email address will not be published. Required fields are marked *