ഒരോവറില്‍ 32 റണ്‍സ്, ഗെയിലാട്ടം വീണ്ടും,വീഡിയോ

ടി20 ക്രിക്കറ്റും ക്രിസ് ഗെയിലും വല്ലാത്തൊരു കോമ്പിനേഷനാണ്. രണ്ടും ചേരുമ്പോള്‍ ബാറ്റിങ് വിസ്‌ഫോടനം തന്നെ നടക്കും. അത് ലോകത്തിന്റെ ഏത് കോണായാലും ഏത് ലീഗായാലും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗ്ലോബല്‍ ടി20 കാനഡ ലീഗ്. ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ എഡ്‌മോന്റണ്‍ റോയല്‍സിനെ ആറ് വിക്കറ്റിനാണ് വാന്‍കൂവര്‍ നൈറ്റ്‌സ് പരാജയപ്പെടുത്തിയത്.

തന്റെ പതിവ് ശൈലിയില്‍ തകര്‍ത്താടിയ ഗെയില്‍ 44 പന്തുകളില്‍ നിന്നും 94 റണ്‍സാണ് നേടിയത്. ഇതില്‍ ഒമ്പത് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. തൊട്ട് മുമ്പത്തെ കളിയില്‍ സെഞ്ചുറി നേടിയിരുന്നു ഗെയ്ല്‍. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് ഗെയിലിന് ആറ് റണ്‍സകലെ നഷ്ടമായത്. ഇതോടെ പോയിന്റ് ടേബിളില്‍ ഗെയിലിന്റെ ടീം രണ്ടാമതെത്തി.

ഒരു വശത്ത് വിക്കറ്റുകള്‍ വീണു തുടങ്ങിയപ്പോഴാണ് ഗെയ്ല്‍ തന്റെ വിശ്വരൂപം പുറത്തെടുത്തത്. ഷദാബ് ഖാന്‍ എറിഞ്ഞ 13-ാം ഓവറില്‍ മാത്രം ഗെയ്ല്‍ നേടിയത് 32 റണ്‍സായിരുന്നു. നാല് സിക്‌സും രണ്ട് ഫോറുമാണ് ഈ ഓവറില്‍ ഗെയ്ല്‍ നേടിയത്. പക്ഷെ അടുത്ത ഓവറില്‍ കട്ടിങ് ഗെയിലിനെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ നാട്ടുകാരനായ ആന്ദ്ര റസലും പുറത്തായി. പിന്നാലെ വന്ന ഡാനിയല്‍ സാംസും മാലിക്കും ചേര്‍ന്ന് ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.

Video :

Leave a Reply

Your email address will not be published. Required fields are marked *