ഉത്തേജക മരുന്നടിച്ചു; പൃഥ്വി ഷായെ കൂടാതെ രണ്ട് താരങ്ങളെ കൂടി സസ്‌പെന്റ് ചെയ്തു

ഉത്തേജക മരുന്നടിച്ചു; പൃഥ്വി ഷായെ സസ്‌പെന്റ് ചെയ്ത് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ബിസിസിഐയുടെ സസ്‌പെന്‍ഷന്‍. നവംബര്‍ 15 വരെയാണ് താരത്തിന് ബിസിസിഐ സസ്‌പെന്‍ഷന്‍ നല്‍കിയത്. കഫ് സിറപ്പിള്‍ അടങ്ങിയിരിക്കുന്ന നിരോധിത പദാര്‍ത്ഥമാണ് ഷാ ഉപയോഗിച്ചതെന്നാണ് ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നത്.

ഫെബ്രുവരി 22 ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനിടെയാണ് താരം തന്റെ മൂത്രത്തിന്റെ സാംപിള്‍ ആന്റി ഡോപ്പിങ് ടെസ്റ്റിന് നല്‍കിയത്. സാംപിള്‍ പരിശോധിച്ചതില്‍ നിന്നും താരം വാഡയുടെ നിരോധിക്കപ്പെട്ട പദാര്‍ത്ഥം ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. നിരോധിക്കപ്പെട്ട ടെര്‍ബുറ്റാലിന്‍ എന്ന പദാര്‍ത്ഥമാണ് ഷാ ഉപയോഗിച്ചത്.

എന്നാല്‍ താന്‍ ഉത്തേജക മരുന്നായില്ല, ചുമയ്ക്കുള്ള മരുന്ന് കഴിച്ചതിലൂടെയാണ് പദാര്‍ത്ഥം ഉള്ളില്‍ ചെന്നതെന്നാണ് ഷാ നല്‍കിയ വിശദീകരണം. താരത്തിന്റെ വിശദീകരണം ബിസിസിഐ പരിഗണിച്ചിട്ടുണ്ട്. തെളിവുകളും നിയമവും കണക്കിലെടുത്താണ് താരത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയതെന്ന് ബിസിസിഐ വ്യക്തമാക്കി. മാര്‍ച്ച് 16 മുതല്‍ നവംബര്‍ വരെയാണ് വിലക്ക്. അതിനാല്‍ താരത്തിന്റെ ഇതുവരെയുള്ള റിസള്‍ട്ടുകളേയും നടപടി ബാധിക്കും.

പൃഥ്വി ഷായെ കൂടാതെ രണ്ട് താരങ്ങളെ കൂടി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ താരം ദിവ്യ ഗജരാജ്, വിദര്‍ഭയുടെ അക്ഷയ് ദുല്ലാര്‍വര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരും യഥാക്രം ആറ് മാസത്തേക്കും എട്ട് മാസത്തേക്കുമാണ് സസ്‌പെന്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *